Wednesday, September 9, 2009

അവളുടെ ചിരിയുടെ പൊരുളറിയാന്‍....

the first specialized local news portal in malayalam; it is KASARAGOD's OWN PORTAL
 
brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
 
 
 
 
 
അന്നും പതിവുപോലെ ഭരണാധികാരിയുടെ മുറി വൃത്തിയാക്കുകയായിരുന്നു അവള്‍. പട്ടുമെത്തക്കു മീതെ വിരിച്ച പഴയ വിരിപ്പുകള്‍ മാറ്റിയിടുന്നതിനിടയില്‍ മെത്തയിലുരസിയ വിരലുകള്‍...
"ഹാ! എന്തൊരു മാര്‍ദ്ദവത്വം.. എന്തൊരു സുഖമായിരിക്കും അതില്‍ കിടന്നുറങ്ങാന്‍..."
ഈ അടുത്ത്‌ വാങ്ങിയ പുതിയ മെത്തയാണ്‌. പഴയത്‌ കേടുവന്നിട്ടോ പഴകിയിട്ടോ ഒന്നുമല്ല ഇത്‌ വാങ്ങിയിട്ടുള്ളത്‌. പുതിയ പുതിയ രീതിയിലുള്ളത്‌ കാണുമ്പോള്‍ അങ്ങിനെ വാങ്ങുക തന്നെ. അല്ലെങ്കിലും ഈയിടെ കൊട്ടാരത്തിലുണ്ടാകുന്ന ധൂര്‍ത്ത്‌ അതിരു കടക്കുന്നുണ്ട്‌. ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാരവിഷയവുമാണ്‌. മുമ്പുള്ളവരൊക്കെ എത്ര ലളിത ജീവിതം നയിച്ചവരായിരുന്നു. ഓരോന്നോര്‍ത്ത്‌ അവള്‍ പഴയ വിരിപ്പ്‌ മാറ്റി പുതിയതൊരെണ്ണം വിരിച്ചു. 'ഹാ! എത്ര മനോഹരം!' അവള്‍ക്ക്‌ അതിലൊന്ന് ഇരിക്കണമെന്ന് തോന്നി. അങ്ങനെ രണ്ടും കല്‍പിച്ച്‌ അവളതിലിരുന്നു. ഇരുന്നപ്പോള്‍ അതിന്റെ സുഖത്തില്‍ അവള്‍ക്കതിലൊന്ന് കിടക്കാനൊരു മോഹം. പാവം. അതുവരെയുള്ള ജോലി നല്‍കിയ ക്ഷീണവും പരുക്കന്‍ പായയില്‍ കിടന്നു പരിചയമുള്ള അവള്‍ക്ക്‌ ആ പട്ടുമെത്തയുടെ മൃദുലത നല്‍കിയ സുഖവും അറിയാതെ അവളെ ചെറിയൊരു മയക്കത്തിലേക്ക്‌ തള്ളിയിട്ടു. അതാ വരുന്നു ഭരണാധികാരി. പോരേ പൂരം. "എന്ത്‌? കൊട്ടാരത്തിലെ തൂപ്പുകാരി രാജാവിന്റെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ??" അയാള്‍ കോപം കൊണ്ട്‌ വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അവള്‍ ഞെട്ടിയെഴുന്നേറ്റു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട്‌ അവള്‍ ഭയന്ന് വിറച്ചു. "അത്രക്കായോ? അടിച്ചുതളിക്കാരിക്ക്‌ കേറിക്കിടക്കാനുള്ളതാണോ നാട്‌ വാഴുന്ന ഭരണാധികാരിയുടെ പട്ടുമെത്ത??" ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദനകൊണ്ട്‌ അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടും വായുവില്‍ ഉയര്‍ന്നു താണുകൊണ്ടിരുന്നു.പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. ഇതുവരെ വേദന കൊണ്ട്‌ പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍..??? അയാള്‍ അടി നിര്‍ത്തി. ജ്വലിക്കുന്ന കോപത്തിനിടയിലും അവളുടെ ചിരിയുടെ പൊരുളറിയാന്‍ ജിജ്ഞാസയായി.
"പറയൂ.. എന്തിനാണ്‌ നീ ചിരിച്ചത്‌?" ഭരണാധികാരി ചോദിച്ചു.
"അത്‌.. അത്‌..." അവള്‍ പൂര്‍ത്തിയാക്കാന്‍ മടിച്ചു നിന്നു. "പറയൂ.. എന്താണെങ്കിലും പറയൂ."
അയാള്‍ അവളെ നിര്‍ബന്ധിച്ചു.അവള്‍ പറഞ്ഞുതുടങ്ങി.
"അത്‌.. ഇത്തിരി നേരം ഈ പട്ടുമെത്തയില്‍ കിടന്ന് സുഖമാസ്വദിച്ചതിന്‌ എനിക്ക്‌ ലഭിച്ച ശിക്ഷ ഇതാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത്തരം പട്ടുമെത്തകളില്‍ കിടന്ന് സുഖമനുഭവിക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക്‌ ലഭിക്കുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ചോര്‍ത്ത്‌ ചിരിച്ചുപോയതാണ്‌." ഇപ്പോള്‍ കരഞ്ഞത്‌ ഭരണാധികാരിയായിരുന്നു. കാരണം കുറച്ചുമുമ്പ്‌ അദ്ദേഹത്തിന്റെ കൈയ്യിലെ ചമ്മട്ടി അവളിലേല്‍പിച്ച പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അവളില്‍ നിന്നുമുതിര്‍ന്ന ആ വാക്ശരങ്ങള്‍ക്ക്‌.... ഭരണാധികാരി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ ബോധോദയമുണ്ടായി. തന്റെ തെറ്റില്‍ മനസ്ഥാപവും. വഴി മാറിയാണ്‌ സഞ്ചാരമെന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ മുറി മാത്രമല്ല മനസ്സും അടിച്ചുവൃത്തിയാക്കിയ ആ തൂപ്പുകാരി പെണ്ണിനോട്‌ അയാള്‍ മാപ്പുപറഞ്ഞു.മനുഷ്യന്‍, സുഖസൗകര്യങ്ങള്‍ വന്നണയുമ്പോള്‍ പലതും മറക്കാറുണ്ട്‌. നിലയും വിലയുമൊക്കെ വിട്ട്‌ പലതും ചെയ്യാറുമുണ്ട്‌. അതിലൊന്നാണ്‌ ജീവിത സൗകര്യങ്ങളില്‍ വിശാലതയും സുഭിക്ഷതയുമൊക്കെ കൈവരുമ്പോള്‍ അതു നല്‍കിയ സ്രഷ്ടാവിനെ മറന്നുകൊണ്ട്‌ ധൂര്‍ത്തിലും പൊങ്ങച്ചത്തിലും മുഴുകി ആര്‍ഭാടജീവിതം നയിച്ച്‌ ദൈവകോപത്തിനിരയാക്കുന്ന പ്രവര്‍ത്തികളില്‍ മുഴുകുക എന്നത്‌. പിശാചിന്റെ സഹോദരങ്ങളാകാന്‍ നല്ല ഒന്നാം തരം യോഗ്യതയായ പൊങ്ങച്ചവും ധൂര്‍ത്തും പക്ഷെ, പലരും അത്ര ഗൗരവുമുള്ള ഒരു സംഗതിയായി കാണാറില്ല എന്നതാണ്‌ സത്യം. മുകളില്‍ കണ്ട കഥയിലെ ഭരണാധികാരിയെപ്പോലെ തന്നെയാണ്‌ ഇക്കാര്യത്തില്‍ നമ്മില്‍ പലരും. മനസ്സ്‌ വൃത്തിയാക്കുന്ന ഒരു തൂപ്പുകാരിയുടെ അഭാവത്തില്‍ നാമത്‌ തിരിച്ചറിയാതെ പോവുന്നു എന്ന് മാത്രം. ഇനി ഉണ്ടായാല്‍ തന്നെ തന്നിലേക്കൊന്ന് തിരിഞ്ഞ്‌ നോക്കി അത്‌ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ്‌ അതവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മനസ്സും സന്നദ്ധതയും നമുക്കുണ്ടാകുമോ? മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ തൂപ്പുകാരി പെണ്ണിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്‌. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നതും അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി നല്‍കുന്ന അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമൊന്നും ഒരു തെറ്റായ കാര്യമല്ല. പക്ഷെ, എന്ത്‌ വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നതിനോട്‌ സത്യമതം യോജിക്കുന്നില്ല.തനിക്കനുവദിക്കപ്പെട്ടതു മാത്രമേ ഒരു ദൈവവിശ്വാസിക്ക്‌ അനുഭവിക്കാന്‍ പാടുള്ളൂ. അനുവദിക്കപ്പെട്ടതു തന്നെയും അനുഭവിക്കുന്നതിനെ സംബന്ധിച്ച്‌ അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നു് ഉറച്ചു വിശ്വസിക്കേണ്ടവനാണ്‌ ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി. പക്ഷെ, പലപ്പോഴും ഈയൊരു യാഥാര്‍ത്ഥ്യം വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ പാടേ വിസ്മരിക്കുന്നതായാണ്‌ അനുഭവങ്ങള്‍. എങ്ങിനെയെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ഇന്ന് മറ്റുള്ളവരെപ്പോലെ വിശ്വാസികളെന്നവകാശപ്പെടുന്നവരുടെയും ജീവിത രീതി. അതുകൊണ്ട്‌ തന്നെ നേരും നെറിയുമൊന്നും അതിനിടയില്‍ വിഷയമേ അല്ല. മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള ഈ വികലമായുള്ള കാഴ്ചപ്പാടുകളാണ്‌ ഇന്ന് സമൂഹത്തില്‍ അരങ്ങുതകര്‍ക്കുന്ന സകലവിധ അധാര്‍മ്മികതകളുടെയും മൂല കാരണം. വ്യക്തമായ ലക്ഷ്യത്തോടെ മാന്യനായ മനുഷ്യനായി ജീവിക്കുന്നതിനുപകരം എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കുക ജീവിച്ചു തീര്‍ക്കുക എന്നാവുമ്പോള്‍ അവിടെ പല ധാര്‍മ്മിക മൂല്യങ്ങളും തകര്‍ന്നു വീഴാതിരിക്കില്ല. താനാരാണെന്നും താനെന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നും തന്റെ ജീവിതലക്ഷ്യം എന്താണെന്നും മനസ്സിലാക്കാതെ സമൂഹത്തില്‍ തന്റെ സ്റ്റാറ്റസ്‌ കീപ്പ്‌ ചെയ്യാനും പൊങ്ങച്ചത്തിനും കാലികളെപ്പോലെ വെറും തിന്നാനും കുടിക്കാനും രമിക്കാനും അടിച്ചുപൊളിക്കാനുമൊക്കെ മാത്രമായി ജീവിതം മാറുമ്പോള്‍ അവിടെ നേരുകള്‍ക്കും നെറികള്‍ക്കും പ്രസക്തിയില്ലാതാവുന്നു. "ഇന്നത്തെക്കാലത്ത്‌ അതൊക്കെ നോക്കാന്‍ നിന്നാല്‍ .." "ജീവിച്ചു പോകേണ്ടേ.." "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം നോക്കി തിന്നേണ്ടേ..." എന്നൊക്കെ പറഞ്ഞാണ്‌ പലരും മതപരമായി തെറ്റാണെന്ന് സ്വയം ബോധ്യമുള്ള കാര്യങ്ങളെ നിസ്സാരവല്‍ക്കരിച്ച്‌ ന്യായീകരിക്കാറ്‌. ഇവിടെയാണ്‌ യഥാര്‍ത്ഥ ദൈവത്തിലും മരാണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാകുന്നത്‌. അവനെ സംബന്ധിച്ചിടത്തോളം ചേരയുടെ നടുക്കഷ്ണത്തിന്‌ വേണ്ടി കൈനീട്ടും മുമ്പ്‌ ചേര തനിക്ക്‌ തിന്നാന്‍ അനുവദിക്കപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്‌. കാലഘട്ടത്തിനും അവസരത്തിനുമനുസരിച്ച്‌ തന്റെ ആദര്‍ശവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും മാറ്റുന്നവനല്ല ഒരു വിശ്വാസി. ജീവിച്ചു പോകേണ്ടേ എന്ന ചിന്തയേക്കാള്‍ മരിച്ചുപോവണമല്ലോ എന്നതാണവന്റെ മുമ്പിലെ വിഷയം. അതുകൊണ്ട്‌ തന്നെ "അഘോഷിക്കൂ ഓരോ നിമിഷവും" എന്നതുപോലുള്ള വര്‍ത്തമാനകാല സന്ദേശങ്ങള്‍ അവനുള്‍ക്കാനാവില്ല. അതെ അവനുമുമ്പില്‍ മരണാനന്തര ജീവിതമെന്ന യാഥാര്‍ത്ഥ്യം പലപരിമിതികളും നിശ്ചയിക്കുന്നു. താന്‍ ചെയ്യുന്ന തെറ്റുകളും പാപങ്ങളും മാത്രമല്ല താനനുഭവിക്കുന്ന സുഖാനുഗ്രഹങ്ങള്‍ വരെ അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന വിശ്വാസമാണ്‌ അവനെ നയിക്കുന്നത്‌.
ഒരിക്കല്‍ നബി തിരുമേനിയും അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരും വളരെ വിശന്നു വലഞ്ഞ ഒരവസരത്തില്‍ ഒരു അന്‍സാരി അവരെ സല്‍ക്കരിക്കുകയുണ്ടായി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി ഇങ്ങിനെ പറഞ്ഞു: "തീര്‍ച്ചയായും ഖിയാമത്തുനാളില്‍ ഇതിനെക്കുറിച്ച്‌ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍ നിന്ന് വിശപ്പാണ്‌ നിങ്ങളെ പുറത്താക്കിയത്‌. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ ഇത്‌ (സല്‍ക്കാരം) ലഭിക്കാതെ മടങ്ങേണ്ടി വന്നില്ല.ഇത്‌ അല്ലാഹു നല്‍കിയ സുഖാനുഗ്രഹമാകുന്നു. (മുസ്‌ലിം)വിശ്വാസികള്‍ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട ഒരു സംഗതിയിലേക്ക്‌ മുകളിലെ സംഭവം വിരല്‍ ചൂണ്ടുന്നു. കത്തിജ്വലിക്കുന്ന നരകം കണ്‍മുമ്പില്‍ ഹാജരാക്കപ്പെട്ട്‌ ഇഹത്തില്‍ വെച്ച്‌ മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാസുഖ സൗകര്യങ്ങളെക്കുറിച്ചും അതെങ്ങിനെ കിട്ടി എന്തില്‍ വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു.
"തീര്‍ച്ചയായും, കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. (ഇസ്രാഅ്:36)
പ്രവാചകന്‍ പറഞ്ഞു: അഞ്ചുകാര്യങ്ങളെക്കുറിച്ച്‌ ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്ത്‌ നാളില്‍ ആദമിന്റെ പുത്രന്റെ കാല്‍ പാദങ്ങള്‍ വിചാരണ സ്ഥലം വിട്ടുനീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെപ്പറ്റി. അത്‌ എങ്ങിനെ വിനിയോഗിച്ച്‌ തീര്‍ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത്‌ എന്തില്‍ നശിപ്പിച്ചുവെന്നും അവന്റെ ധനത്തെപ്പറ്റി അത്‌ എവിടെനിന്ന് സമ്പാദിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും അവന്‌ അറിയാവുന്ന കാര്യത്തില്‍ അവന്‍ എന്ത്‌ പ്രവര്‍ത്തിച്ചുവെന്നും. (തിര്‍മുദി)
അല്ലാഹുവിനെ ഭയപ്പെടുന്ന മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഏതൊരാളെയും ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്‌ മുകളിലെ സംഭവവും അല്ലാഹുവിന്റേയും അവന്റെ പ്രവാചകന്റേയും വചനങ്ങളും.വിശപ്പിന്റെ കാഠിന്യത്താല്‍ ഇരിക്കപ്പൊറുതിയില്ലാതെ വീട്‌ വിട്ടിറങ്ങിയ പ്രവാചകന്‍ വഴിക്കു വെച്ച്‌ അതേ പ്രശ്നത്താല്‍ പുറത്തിറങ്ങിയ തന്റെ സഖാക്കളെ കണ്ട്‌ മുട്ടുകയും അവരെകൂട്ടി ഒരു അന്‍സാരിയുടെ വീട്ടില്‍ ചെന്ന് അവിടെ വെച്ച്‌ വയറ്‌ നിറച്ചൊന്ന് ഭക്ഷണം കഴിച്ചതിനെ സംബന്ധിച്ച്‌ പോലും നാളെ അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം പറയേണ്ടി വരുമെങ്കില്‍ ജീവിതത്തില്‍ അല്ലാഹു നമുക്ക്‌ നല്‍കിയ എത്ര എത്ര അനുഗ്രഹങ്ങള്‍ക്ക്‌ നാം കണക്ക്‌ പറയേണ്ടിവരും???
വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്‍ നമ്മുടെ പൂര്‍വ്വീകര്‍ക്ക്‌ അത്യപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്നത്തെ തലമുറക്ക്‌ ഓരോ വൈകുനേരവും എന്താണ്‌ കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ്‌ കഴിക്കേണ്ടതെന്നും അറിയാത്തതിലാണ്‌ വിഷമം. ലോകത്തിന്റെ പലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി മനുഷ്യന്‍ കേഴുമ്പോള്‍ ആര്‍ഭാട കല്യാണങ്ങള്‍ക്കും മാമൂല്‍ സദ്യകള്‍ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ്‌ ധൂര്‍ത്തടിക്കുന്നത്‌. ഒരാഴ്ചയില്‍ ഏഴു ദിവസങ്ങളില്‍ ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്‍ കാണുമ്പോള്‍ വീണ്ടും വീണ്ടും പുതിയത്‌ വാങ്ങി അലമാര നിറക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്രയോ പേര്‍. മൊബൈല്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കം. ഒരു അത്യാവശ്യം എന്നതിലുപരി മറ്റുപലതിനുമല്ലേ ഇന്നു പലരും അത്‌ വാങ്ങുന്നത്‌? വാഹനത്തിന്റെ കാര്യത്തിലായാലും വീടുവെക്കുന്ന കാര്യത്തിലായാലുമൊക്കെ. അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്‍ തങ്ങളുടെ ചുറ്റുപാടുകളോട്‌ മല്‍സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ്‌ ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്‌. പക്ഷെ, അതെല്ലാം ഏതുവരെ???
സ്രഷ്ടാവായ അല്ലാഹു തന്നെ പറഞ്ഞതുപോലെ: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും. നിസ്സംശയം, നിങ്ങള്‍ പിന്നീട്‌ അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ്‌ അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട്‌ ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (വി. ഖുര്‍ആന്‍)
അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച്‌ ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്‍ മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട്‌ മല്‍സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്‌, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്‍ക്ക്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്‍ ശവകുടീരത്തില്‍ തനിക്കായി തയ്യാറാക്കപ്പെട്ട്‌ കുഴിമാടം സന്ദര്‍ശിക്കാതിരിക്കാനാവില്ലല്ലോ. ചിരിയുടേയും കളിയുടേയും ആരവങ്ങള്‍ക്കിടയില്‍ ആര്‍ക്കറിയാം അടക്കം ചെയ്യുന്ന ആറടി മണ്ണിനുതാഴെ കാത്തിരിക്കുന്നത്‌ നരകക്കുഴിയല്ലെന്ന്... 
 
 
Sent by Hameed Majal, Patla

No comments:

Post a Comment

 
Copyright © 2011. Malik Deenar | Kasaragod . All Rights Reserved