Wednesday, September 23, 2009

മൊബൈല്‍ ദുരുപയോഗം തടയാന്‍

www.kasaragodvartha.com.
the first specialized local news portal in malayalam; it is KASARAGOD's OWN PORTAL

brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously



മനുഷ്യന്റെ നിലനില്‍പ്പിന് ചില അലിഖിത നിയമങ്ങളുണ്ട്. ഈ അലിഖിത നിയമങ്ങള്‍ക്ക് മാറി തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും. മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടെങ്കിലും ലിഖിത നിയമങ്ങള്‍ പലതും മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതാണ് ഇതിന് കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നിയമവും മാറേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന് ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമം അനുസരിച്ച്, പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമപുസ്തകത്തില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടില്ല. നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഈ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

ഇപ്പോള്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല, ലംഘിച്ചാലും തകരാറില്ല എന്ന വിചാരം പൊതുവേ എല്ലാപേര്‍ക്കും ഉണ്ട്. നിയമങ്ങളെക്കാള്‍ ഇവിടെ ആവശ്യം ബോധവത്‌ക്കരണമാണ്. മറ്റ് പലതിനേയും പോലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും ഇത് വേണം. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.

പക്ഷേ ഇനി ചര്‍ച്ചയല്ല ആവശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. കൊച്ചുകേരളത്തിന്റെ കാര്യം തന്നെ നോക്കൂ. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. നഗരമന്നോ ഗ്രാമമെന്നോ വ്യത്യാസം ഇതിനില്ല. ഇവയില്‍ ഉള്‍പെട്ടിരിക്കുന്നത് ഏറെയും കുട്ടികള്‍ ആണ്. അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് എന്ന് പറയാനാവില്ല. പിന്നെ എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു?

അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്ന് നോക്കാം.

മൊബൈല്‍ കുറ്റകൃത്യങ്ങള്‍

മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 'അശ്ലീല'കരമായ എന്ത് കണ്ടന്റും (അശ്ലീല സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം. പരാതികള്‍ ഇല്ലാതെ നടപടി എടുക്കാന്‍ കഴിയില്ലല്ലോ?

മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ നിരന്തരം 'മിസ്‌ഡ് കാള്‍' ചെയ്യുന്നതും കുറ്റം തന്നെ. അതിന് പരാതി കിട്ടിയാലും ' മിസ്‌ഡ് കാളുകാരന്റെ' രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ 'മിസ്' ആവും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ആരുടെ പേരിലാണ്, അവരായിരിക്കും ആദ്യം കുടുങ്ങുക.

എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു?

ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. "മാനസിക സംതൃപ്‌തി". തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ 'ഒരു ഷൈനിംങ്ങ് ' നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.

കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു 'താരം' ആകുമെന്ന് അവനറിയാം.

മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല.

തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.

എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു?

ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. കവലയിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ ക്യാമറാ മാനായത്. ഇത് പകര്‍ത്തി കൊടുത്താല്‍ അവന് കിട്ടുന്നത് ഒരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ 'ക്യാമറമാന്റെ' ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത് 'ചേട്ടന്മാരാണ്'. ചേട്ടന്മാര്‍ക്ക് ഈ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് 'കുട്ടി ക്യാമറമാന് ' ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു?

1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാതാ പിതാക്കളും ഓന്നോ രണ്ടോ മക്കളും എന്ന അണുകുടുംബരീതിയിലേയ്ക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയിലേക്ക് മാറുന്നു. (ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ 'ഷെയര്‍' ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന 'മിസ്‌ഡ് കാളിലെ' കാണാമറയത്തുകാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം 'ദൈവദൂതനി'ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ 'നാശനരകത്തില്‍' നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് 'ദൈവദൂതന്‍' രക്ഷപെടുകയും ചെയ്യും.

3. മുന്‍പ് ഒരിയ്ക്കല്‍ സൂചിപ്പിച്ചതുപോലെ തങ്ങള്‍ ഒരിയ്ക്കലും ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ പെട്ടുപോകുന്നു.

കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാം?

കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തതയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവശ്യം. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

പലകുട്ടികളും ഹോസ്റ്റലുകളില്‍ നിന്നാണ് പഠിയ്ക്കുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ ഇവരുടെ കൈയില്‍ ഫോണില്ലാതെ പറ്റുമോ? സ്കൂള്‍/കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസ്റ്റലുകളില്‍ അനുവദിയ്ക്കുകയുമാവാം. ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള മൊബൈല്‍ ഫോണുകളാണെന്ന് ഉറപ്പ് വരുത്തണം.

ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം

രക്ഷകര്‍ത്താക്കളുടെ പങ്ക്

1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡുകൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.

2. കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ഫോണ്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ നല്‍കാതിരിയ്ക്കുക.

3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെ കുറിച്ച് ചോദിക്കണം.

അദ്ധ്യാപകരുടെ പങ്ക്

1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധിയ്കണം.

2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിയ്ക്കുക.

3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.

4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപരമായ ഇടപെടലിലൂടെ അവയുടെ ഗൌരവത്തിന് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. അത്യാവശ്യമെങ്കില്‍ നിയപപാലകരുടെ സഹായം തേടണം.

മൊബൈല്‍ സേവനദാതാക്കളുടെ പങ്ക്

1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് ഉറപ്പുവരുത്തുക.

2. അനാവശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.

3. ഉപഭോക്താക്കളുടെ പേരു വിവരം തയ്യാറാക്കി തങ്ങളുടെ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.

4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രക്ഷകര്‍ത്താവിന്റെ സാനിധ്യവും ആവശ്യപ്പെടുന്നുണ്ട്.)

സര്‍ക്കാരിന്റെ പങ്ക്

1. മൊബൈല്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. അവ പാലിക്കപെടുന്നുണ്ടന്ന് ഉറപ്പാക്കുക.

2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

ഉപയോക്താക്കളുടെ പങ്ക്

1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.

2. സിം കാര്‍‍ഡോ ഫോണോ നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.

3. മറ്റുള്ളവര്‍ക്ക് തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണവും ഉണ്ടെങ്കിലേ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. സൈബര്‍ കുറ്റകൃത്യങ്ങളോടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. കുട്ടികളുടെ ജീവിതം ചതിക്കുഴികളില്‍ പെട്ട് ഹോമിയ്ക്കപ്പെടാതിരിയ്ക്കാന്‍ കണ്ണുതുറന്നുവയ്ക്കാം.


Sent by Hameed Majal, Patla

No comments:

Post a Comment

 
Copyright © 2011. Malik Deenar | Kasaragod . All Rights Reserved